*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, December 9, 2011

ചേനക്കാര്യങ്ങള്‍ക്കായുള്ള കിടപ്പ് -- രാജീവ് ശങ്കരന്‍

ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംശയം തോന്നുന്നവരെ കസ്റഡിയിലെടുക്കാനോ വെടിവെച്ച് കൊല്ലാനോ സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമം. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സൈനികര്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ പരിരക്ഷയുടെ മറവില്‍ സൈനികര്‍ 'ഏറ്റുമുട്ടല്‍' കൊലകളും ബലാത്സംഗങ്ങളും പതിവാക്കിയതോടെയാണ് ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. അറസ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബലം പ്രയോഗിച്ച് ജീവന്‍രക്ഷാ ദ്രാവകങ്ങള്‍ നല്‍കി ഭരണകൂടം ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നു.
സഹജീവികളുടെ ജീവന്‍ സൈനികരുടെ വിനോദോപാധിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇറോം ശര്‍മിളയുടെ സമരം ടെലിവിഷന്‍ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലില്ല. ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഈ ആവശ്യത്തെ പിന്തുണക്കാന്‍ രംഗത്തുവരാറുണ്ട്. അതിനപ്പുറത്ത് ഇപ്പോള്‍ കാണുന്നത് പോലൊരു വലിയ പ്രചാരണത്തിന്റെ പിന്‍ബലം ഈ സമരത്തിന് ലഭിക്കാറില്ല. അര്‍ണാബ് ഗോസ്വാമിയോ രാജ്ദീപ് സര്‍ദേശായിയോ ബര്‍ഖാ ദത്തോ ഇപ്പോള്‍ കാണിക്കുന്ന അമിത വികാര പ്രകടനം ശര്‍മിള ഉന്നയിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളൊന്നും അതൊരു സജീവ വിഷയമായി എടുക്കുകയോ പാര്‍ലിമെന്റിനെ പ്രകമ്പനം കൊള്ളിക്കുകയോ ചെയ്യാറില്ല. അഴിമതി തടയാന്‍ ശക്തമായ ഒരു നിയമത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന അന്നാ ഹസാരെയോ ഒപ്പം നില്‍ക്കുന്നവരോ ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന സമരത്തെ ഇതുവരെ കണ്ടതായി നടിച്ചിട്ടുമില്ല.
ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍ ബിലകൃഷ്ണ പിള്ള കുറ്റക്കാരനെന്ന് കണ്ടെത്തുകയും  ഒരു വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തത് സുപ്രീം കോടതിയാണ്. നിയമപ്രകാരം അനുവദിക്കാവുന്ന പരോളും അതിനപ്പുറമുള്ള പ്രത്യേക പരോളും, ശിക്ഷ വിധിച്ച് അഞ്ച് മാസത്തിനിടെ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ രോഗിയാണെന്ന കാരണം പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പിള്ള.
ചെറു ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാട്ടുന്ന സ്വജനപക്ഷപാതത്തിന് തെളിവാണ് ബാലകൃഷ്ണ പിള്ളയുടെ ഈ സുഖ ജീവിതം. സ്വജനപക്ഷപാതം അഴിമതി നിരോധ നിയമപ്രകാരം കൂറ്റകരമാണ് ഈ രാജ്യത്ത്.
കുരിയാര്‍കുറ്റി - കാരപ്പാറ ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കും മുമ്പ് ടി എം ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി വിധി ശരിവെച്ചത് അടുത്ത ദിവസമാണ്. കേസില്‍ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കുറച്ച് നാള്‍ മുമ്പ് വരെ ടി എം ജേക്കബിന് വേണ്ടി വാദിച്ച വക്കീലാണ് ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി തെളിവില്ലെന്ന്  ബോധിപ്പിച്ചത്. അതിലൊരു അപാകതയും സുപ്രീം കോടതിക്ക് തോന്നിയില്ല. അഴിമതിക്ക് തെളിവില്ലെന്ന് പരാതിക്കാര്‍ തന്നെ വാദിക്കുമ്പോള്‍ അപാകത തോന്നേണ്ട കാര്യമില്ലല്ലോ!
ശിക്ഷിക്കപ്പെട്ടയാള്‍ക്ക് അതില്‍ നിന്ന് ഒഴിവ് നല്‍കുക, അഴിമതി പരിശോധിക്കേണ്ടവര്‍ തന്നെ അതിന് തയ്യാറാകാതിരിക്കുക ഇതെല്ലാം നടക്കുന്നത് നിയമത്തിന്റെ അഭാവം കൊണ്ടല്ല. നിയമത്തെ അതിലംഘിച്ച് സ്വന്തം പക്ഷത്തു നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
ശക്തമായ ലോക്പാലെന്ന മുദ്രാവാക്യം ഉയര്‍ത്തി അന്നാ ഹസാരെ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തെയും അതിന് ലഭിക്കുന്ന/ലഭ്യമാക്കുന്ന ജനപിന്തുണയെയും പരിശോധിക്കുമ്പോള്‍ മുകളില്‍ വിവരിച്ച സംഭവങ്ങള്‍ ഓര്‍മയിലുണ്ടാകുന്നത് നന്നായിരിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും നിരാഹാര സമരം നടത്തിയിട്ടുണ്ട് അന്നാ ഹസാരെ. അന്നൊന്നും ഇത്രയും വലിയ ജനവികാരം ഉയര്‍ന്നിട്ടില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍, ആദര്‍ശ് ഫ്ളാറ്റ് എന്ന് തുടങ്ങിയ കൊടിയ അഴിമതിയുടെ ബിംബങ്ങള്‍ മുന്നില്‍ വരികയും അതില്‍ പങ്കാളികളാകാത്തവര്‍ കുറവെന്ന ധാരണ ശക്തമാകുകയും ചെയ്തത് ജനവികാരം ശക്തമായതിന്റെ കാരണങ്ങളിലൊന്നാണ്. അന്നാ ഹസാരെ മുന്നില്‍ നിന്ന് സമരം ചെയ്യുമ്പോള്‍ അതിനെ തങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ദേശീയതയുമമായി കൂട്ടിച്ചേര്‍ക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നടത്തുന്ന ശ്രമങ്ങളും തെരുവിലേക്ക് ജനങ്ങളെ നയിക്കുന്നുണ്ട്.
അഴിമതിയുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള പരാധീനത മറച്ചുവെക്കാന്‍ (ടെലികോം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് എന്ന് തുടങ്ങി ഏതഴിമതി എടുത്താലും ബി ജെ പി നേതാക്കളുടെ കൂടി പങ്കാളിത്തമുണ്ട്) ബി ജെ പിക്ക് സാധിക്കില്ല എന്നത് കൊണ്ടാണ് ആര്‍ എസ് എസ് നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. എല്ലാറ്റിനുമുപരി ഇത് ഇടത്തരക്കാരിലെ മേല്‍ത്തട്ടുകാരുടെയോ സമ്പന്നരുടെയോ സമരമാണ്. തങ്ങളുടെ റേറ്റിംഗിനെ ഉയര്‍ത്താന്‍ സഹായിക്കുന്നവരാണ് സമരത്തിലുള്ളത് എന്നതുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ നിരന്തര സംപ്രേഷണത്തിന് തയ്യാറാകുന്നത്. ഇന്റര്‍നെറ്റിലൂടെ ആശയ വിനിമയത്തിന് സൌകര്യമുള്ളവരുടെ സോഷ്യല്‍ ഗാതറിംഗ് മാത്രമാണ് അന്നാ ഹസാരെക്ക് മുദ്രാവാക്യം മുഴക്കുന്ന യുവക്കൂട്ടങ്ങള്‍. ഇത്തരക്കാരിലൂടെയാണ് ആര്‍ എസ് എസ് തങ്ങളുടെ രാഷ്ട്രീയാധികാര സാക്ഷാത്കാരം സാധ്യമാകുമെന്ന് ധരിച്ചിരിക്കുന്നത്. അത് തിരിച്ചറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോഡിയെ പ്രശംസിക്കാന്‍ അന്നാ ഹസാരെ മടിക്കാത്തത്.  അദ്ദേഹത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന ഇതര പരിഷ്കരണവാദികളെല്ലാം അഴിമതിക്കപ്പുറത്തൊരു വിഷയത്തിലേക്ക് കാര്യങ്ങള്‍ പോകരുത് എന്ന് ശഠിക്കുന്നതും അതുകൊണ്ടാവണം. അഴിമതി മുഖ്യവിഷമായി കണ്ട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തവര്‍ നടത്തുന്ന പ്രക്ഷോഭമെന്നതിലുപരി, അരാഷ്ട്രീയതയെ രാഷ്ട്രീയവത്കരിക്കുകയും അതിനെ വരേണ്യവിഭാഗത്തിന്റെയോ സംഘ് പരിവാറിന്റെ തന്നെയോ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ് പോലുള്ളവരുടെ സമര മുഖത്തെ സാന്നിധ്യവും വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികളും സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് സൂക്ഷ്മമായ ആസൂത്രണത്തിന്റെ നടപ്പാക്കലുകളാണ്. രാജ്യം അന്നാക്ക് പിന്നില്‍ ഒന്നിക്കുന്നുവെന്ന മാധ്യമ വാക്യങ്ങള്‍ക്കൊപ്പം വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികള്‍ കൂടിയാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം ആര്‍ക്ക് മുതലെടുക്കാന്‍ പാകത്തിലുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
1969ലാണ് ലോക്പാലെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്. അന്ന് തൊട്ടിന്നോളം പല തവണ ഇത് പാര്‍ലിമെന്റിന്റെ മുന്നില്‍ വന്നു. 1989ലെ വി പി സിംഗ് സര്‍ക്കാര്‍ പ്രധാനമന്ത്രിയെക്കൂടി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും ലോക്പാല്‍ ബില്ല് കൊണ്ടുവന്നിരുന്നു. പക്ഷേ, ഇതുവരെ പാസ്സാക്കാന്‍ സാധിച്ചില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതക്ക് ഈ ചരിത്രം മാത്രം മതി തെളിവിന്.
1969ല്‍ ലോക്പാല്‍ മുന്നോട്ടുവെക്കപ്പെടുമ്പോള്‍ അതിന് സാംഗത്യമുണ്ടായിരുന്നു. അഴിമതി ഇത്രമാത്രം വൈവിധ്യവത്കരിക്കപ്പെട്ടിരുന്നില്ല. അഴിമതിയുടെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഇത്രമാത്രം അറിവ് ലഭിച്ചിരുന്നുമില്ല. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അഴിമതിയുടെ അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. പണത്തിന്റെ അധികൃതവും അനധികൃതവുമായ ഉത്പാദനത്തിന് മാര്‍ഗങ്ങള്‍ ഏറെയുണ്ട്. അതെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണി ഉദാഹരണമായി എടുത്താല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷനെടുക്കാതെ തന്നെ നിക്ഷേപം നടത്താന്‍ അവസരം നല്‍കിയിരിക്കുന്നു പുതിയ പരിഷ്കാരങ്ങള്‍. ഈ വഴി ഉപയോഗപ്പെടുത്തി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നുണ്ട്. മൌറീഷ്യസിലോ സിംഗപ്പൂരിലോ ചെറിയ ധനകാര്യ സ്ഥാപനം രജിസ്റര്‍ ചെയ്യാന്‍ പണവും സ്വാധീനവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. നികുതി വെട്ടിച്ചോ അഴിമതി നടത്തിയോ സമ്പാദിച്ച പണം ആ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടില്ല. വിദേശ ധനകാര്യ സ്ഥാപനം നേരിട്ട് ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപമായി ഇത് തിരിച്ചെത്തിച്ച് നിയമ വിധേയ മൂലധനമാക്കി മാറ്റാന്‍ പ്രയാസവുമില്ല. ഇന്ത്യയില്‍ സ്വന്തം പേരിലോ ബിനാമി പേരിലോ ആരംഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായും ഈ പണം കൊണ്ടുവരാം. ഇത്തരത്തിലുള്ള അനവധിയായ മാര്‍ഗങ്ങള്‍ തടയാന്‍ അന്നാ ഹസാരെ മുന്നോട്ടുവെക്കുന്ന ലോക്പാലിന് സാധിക്കുമോ? അത്തരം ഇടപാടുകള്‍ കണ്ടെത്തിയാല്‍ തന്നെ അന്വേഷണം നടത്താന്‍ സാധിക്കുമോ? പ്രധാനമന്ത്രിയും നീതിന്യായ സംവിധാനത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും അടക്കം നിയമത്തിന്റെ പരിധിയില്‍ വരണമെന്നാണ് അന്നാ ഹസാരെ ആവശ്യപ്പെടുന്നത്. ഈ നിയമവും അതിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ, പ്രോസിക്യൂഷന്‍ സംവിധാനവും വിചാരിച്ചാല്‍ അന്വേഷിച്ച് കണ്ടെത്താവുന്ന അഴിമതികളാണോ ടെലികോം, കോമണ്‍വെല്‍ത്ത് ഇടപാടുകളില്‍ നടന്നത്. സി ബി ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെല്ലാം പലവിധത്തില്‍ അന്വേഷണം നടത്തിയിട്ടും എത്തും പിടിയും കിട്ടാതെ കിടക്കുന്ന ഇടപാടുകള്‍. ഇവ അന്വേഷിക്കാന്‍ പാകത്തില്‍ ലോക്പാലിനെ ശക്തമാക്കണമെന്നാണ് ആവശ്യമെങ്കില്‍ അത് നടപ്പാകാന്‍ ഇടയില്ലാത്ത സംഗതിയാണെന്ന് നിസ്സംശയം പറയാം.
സര്‍ക്കാര്‍ സര്‍വീസിലെ താഴേത്തട്ടിലുള്ളവരുടെ അഴിമതി നിയന്ത്രിക്കാന്‍ ഏതെങ്കിലും നിയമ സംവിധാനത്തിന് സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഈ അഴിമതി തടയാന്‍ നിലവില്‍ തന്നെ നിയമവും അതിന്റെ ഭാഗമായ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അഴിമതി വര്‍ധിക്കുന്നു. ഇന്ത്യന്‍ ജനതയില്‍, ഉപഭോക്താക്കളില്‍ അഴിമതി ഒരു ശീലമായി മാറിയെന്നതാണ് ഈ വര്‍ധനക്ക് കാരണം. അഴിമതി എന്ന വിശാല നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളുന്ന സംഗതികള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം സൃഷ്ടിയാണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും. ഇത് ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണ്. അതിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഒക്കെ ഉണ്ടാകുന്നുവെന്ന് മാത്രം. അവിടെ സംഭവിക്കുന്ന അഴിമതി സ്വാഭാവികമായും വലുതായിരിക്കും. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൈക്കൂലി നല്‍കുന്നത് മുതല്‍ മന്ത്രി സ്ഥാനത്തിന് സ്വാധീനം ചെലുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ പ്രക്രിയയില്‍ അസ്വാരസ്യങ്ങളുണ്ടാവുമ്പോള്‍ ചിലത് പുറത്തേക്ക് വരുന്നുവെന്ന് മാത്രം. ഇത് തീര്‍ത്തും ഇല്ലാതാക്കുക എന്നത് സങ്കല്‍പ്പം മാത്രമാണ്. വലിയൊരളവ് നിയന്ത്രിക്കാന്‍ സാധിക്കുമായിരിക്കും. പാര്‍ലിമെന്റിന്റെയും ജൂഡീഷ്യറിയുടെയുമൊക്കെ മുകളില്‍ പരമോന്നത സമിതിയെന്ന ഭാവത്തില്‍ ലോക്പാലുണ്ടായത് കൊണ്ട് മാത്രം നിയന്ത്രണം സാധിക്കില്ലെന്ന് മനസ്സിലാക്കാന്‍ ഇതിനകം നിലവില്‍ വന്ന, ലോകായുക്ത മുതല്‍ വിജിലന്‍സ് കമ്മീഷന്‍ വരെയുള്ള സംവിധാനങ്ങളുടെ പരാജയങ്ങള്‍ തന്നെ ധാരാളം. സര്‍ക്കാറുദ്യോഗസ്ഥരുടെയോ മന്ത്രിമാരുടെയോ കാര്യത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാമെന്നതും അന്വേഷണവും വിചാരണ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട് എന്നതുമാണ് ലോക് പാല്‍ വരുമ്പോള്‍ എടുത്ത് പറയാവുന്ന മാറ്റം. ഈ മാറ്റം പുതിയൊരു വെള്ളാന വരാതെ തന്നെ  സാധ്യമാക്കാവുന്നതേയുള്ളൂ. നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുകയും കോടതി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലമാക്കുകയും ചെയ്താല്‍ മതി.
നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ ബാലകൃഷ്ണ പിള്ള അഴിമതി കാട്ടിയെന്ന് രണ്ട് ദശാബ്ദത്തിന് ശേഷമാണെങ്കിലും പരമോന്നത കോടതിയുടെ വിധിയുണ്ടായത്. ആ വിധി നടപ്പാക്കാതിരിക്കുമ്പോള്‍ കാഴ്ചക്കാരായി ഒരു ജനത ഇരിക്കുന്നുവെന്നത് തന്നെ അഴിമതിയോട് എത്രമാത്രം സമരസപ്പെട്ടുകഴിഞ്ഞുവെന്നതിന് തെളിവാണ്. സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത് സ്വജനപക്ഷപാതമാണെന്ന് വിധിക്കപ്പെട്ടാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വീണ്ടും ജനവിധി തേടുകയാണെങ്കില്‍ വോട്ടര്‍മാര്‍ അത് പരിഗണിക്കുക പോലും ചെയ്യുമെന്ന് തോന്നുന്നില്ല. സ്വന്തം കാര്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന, അതിലുപരി തൊട്ടയല്‍പക്കക്കാരനെന്ന പ്രതീതി നിലനിര്‍ത്തുന്ന ഒരാള്‍ അധികാര സ്ഥാനത്തുണ്ടാകുക എന്നതിനാകും അവര്‍ പ്രാമുഖ്യം നല്‍കുക എന്നുറപ്പ്. ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയനായി ജയിലിലും പുറത്തുമായി കഴിഞ്ഞിരുന്ന കാലത്ത് പപ്പു യാദവിനെ ലോക് സഭയിലേക്ക് തിരഞ്ഞെടുത്തയക്കാന്‍  ഇന്ത്യന്‍ ജനതക്ക് പ്രയാസമുണ്ടായില്ല. 1984ലെ സിഖ് വംശഹത്യയില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പിന്നീട്  ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി. ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി ഭൂരിപക്ഷമുയര്‍ത്തി അധികാരത്തില്‍ തിരിച്ചെത്തി. ഈ രണ്ട് വംശഹത്യകളുടെ ഇരകളും ബന്ധുക്കളും നീതി തേടി അലഞ്ഞപ്പോള്‍ ഒരു സത്യഗ്രഹവും രാജ്യത്ത് ഉയര്‍ന്നുവന്നില്ല. അതിനേക്കാള്‍ വലുതാണ് ഇപ്പോഴത്തെ കോഴയാരോപണങ്ങളെന്ന് ഗണിക്കപ്പെടുന്നുവെങ്കില്‍ ആ വാദത്തില്‍ നാം കാണുന്നതിനേക്കാളേറെ പുഴുക്കുത്തുണ്ട്. അതുകൊണ്ടാണ് ദശകം പിന്നിട്ട, സഹജീവികളുടെ ജീവന്റെ വില സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇറോം ശര്‍മിളയുടെ സത്യഗ്രഹത്തിന് അന്നാ ഹസാരെയുടെ ഭീഷണിപ്പെടുത്തല്‍ സത്യഗ്രഹത്തിന്റെ വില ലഭിക്കാതെ പോകുന്നത്.
അഴിമതി നടന്നതിന് ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള സംവിധാനമാണോ വേണ്ടത് അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യമാണോ വേണ്ടത് എന്നതാണ് പ്രധാനം. രണ്ടാമത്തെ സാധ്യത അന്നാ ഹസാരെയുടെയും കൂട്ടരുടെയും ശ്രദ്ധയിലേയില്ല, ഭരണകൂടത്തിന്റെയും. അഴിമതി നിയന്ത്രിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെങ്കില്‍ നയ പരിപാടികളില്‍ ആകപ്പാടെയുള്ള പൊളിച്ചെഴുത്ത് അനിവാര്യമായി വരും. പഴുതുകള്‍ അടച്ചുള്ള നിയമ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ മാത്രമേ അത് സാധ്യമാകുകയുമുള്ളൂ. വിവരാവകാശ നിയമം പ്രാബല്യത്തിലായത് അതിലൊരു പ്രധാന ചുവടുവെപ്പാണ്. ക്രമക്കേടും അഴിമതിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയിക്കുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കാനുള്ള നിയമത്തിനും ഇതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാനാകും. സര്‍ക്കാര്‍ സേവനങ്ങള്‍ പൌരന്റെ അവകാശമാക്കാനുള്ള നിയമം കൊണ്ടുവരുന്നതും ഗുണപ്രദമാണ്. സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന അവസ്ഥ കുറച്ചൊക്കെ ഇല്ലാതാകും. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിലാക്കുകയും അത് ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ പ്രക്രിയക്കാണ് തുടക്കമിടേണ്ടത്. അത് നടക്കണമെങ്കില്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തിയുണ്ടാകണം.  അതില്ലാതെ വരുമ്പോവാണ് ശക്തമായ ലോക് പാലിലൂടെ അഴിമതിയെ വേരോടെ പിഴുതെറിയൂ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളുമായി അന്നാ ഹസാരെയെപ്പോലുള്ളവര്‍ വേദി കൈയടക്കുന്നത്. ബാബ രാംദേവിനെപ്പോലുള്ളവര്‍ ഏതാനും ദിവസത്തേക്കാണെങ്കില്‍ കൂടി കേന്ദ്ര കഥാപാത്രമാകുകയും പ്രതിലോമകരവും വര്‍ഗീയതയില്‍ അധിഷ്ഠിതവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഏതാനും ദിവസത്തേക്ക് ലഭിക്കുന്ന വലിയ മാധ്യമ ശ്രദ്ധ തുടര്‍ കാലത്തെ പ്രചാരണങ്ങള്‍ക്കുള്ള വലിയ ഊര്‍ജം അവര്‍ക്ക് ലഭ്യമാക്കുന്നുണ്ട് എന്നത് തിരിച്ചറിയപ്പെടുകയും വേണം.

No comments:

Post a Comment