*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, December 9, 2011

വൈകുന്ന നീതി അനീതിയാണ് -- സി ആര്‍ നീലകണ്ഠന്‍ (രിസാലയില്‍ നിന്ന് )

ബാംഗ്ളൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പ്രതിപ്പട്ടികയിലുള്ള അബ്ദുന്നാസര്‍ മഅ്ദനി ജയിലിലടക്കപ്പെട്ടിട്ട് ആഗസ്റ് പതിനേഴിന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഒരാള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെന്നു പറയാനാകില്ല. ദീര്‍ഘകാലം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട് വിട്ടയച്ച ചരിത്രം പലര്‍ക്കുമുണ്ട്. മഅ്ദനി തന്നെ ഇതിനുദാഹരണമാണല്ലോ. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതുവര്‍ഷക്കാലമാണ് ഇദ്ദേഹം ജയിലില്‍ കിടന്നത്. ആരെങ്കിലും ബോധപൂര്‍വ്വം ഇപെട്ടതു കൊണ്ടോ നീതിന്യായ സംവിധാനങ്ങളുടെ സ്വാഭാവിക തകരാറുകള്‍ കൊണ്ടോ ആകട്ടെ, ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്നൊരു പതിറ്റാണ്ട് നഷ്ടമാകുമ്പോള്‍ ആ വ്യക്തിയും അദ്ദേഹത്തെ ആശ്രയിക്കുന്ന കുടുംബവും പ്രസ്ഥാനവും അനാവശ്യമായി ശിക്ഷിക്കപ്പെടുന്നതിന് ആരാണ് ഉത്തരവാദിയാകുക.
'താമസിച്ചുകിട്ടുന്ന നീതി നീതിനിഷേധം' ആണെന്ന പഴമൊഴി ഇന്നേറെ പ്രസക്തമാണ്. ഭരണകൂടം ബോധപൂര്‍വ്വം ഇടെപെടുന്നതുമൂലം മുമ്പ് കമ്യൂണിസ്റ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അനേകവര്‍ഷം തടവില്‍ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലും ഭരണകൂടത്തിലും ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുന്നവരെ തടവിലിടാന്‍ ഉപയോഗിക്കുന്ന ഒരു മറയായി ഇപ്പോള്‍ ഭീകരവാദം മാറിയിരിക്കുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളിയായവര്‍ ഇതിന്റെ മറവില്‍ രക്ഷപ്പെടുന്നുവെന്നും കാണാം. സദ്ദാം ഹുസൈനെ വധിക്കാന്‍ യുഎസ് പ്രയോഗിച്ച തന്ത്രവും ഇതു തന്നെ.
ഭീകരപ്രവര്‍ത്തനം വഴി ജീവനും സ്വത്തിനും വിനാശം വിതക്കാന്‍ ഏതെങ്കിലും വിധത്തില്‍ കാരണക്കാരായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. ഭീകര പ്രവര്‍ത്തനങ്ങളെ ഒരു മതമോ പ്രത്യയശാസ്ത്രമോ ഉപയോഗിച്ച് ന്യായീകരിക്കാനും പാടില്ല. ഇതിനെതിരെ കടുത്ത നടപടികള്‍ വേണം. പുതിയതായി ഇത്തരം ദൂഷിത വലയങ്ങളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നതു തടയുകയെന്നതും പ്രധാനമാണ്. അതുകൊണ്ടു തന്നെ ഭീകരവാദത്തിനനുകൂലമായി പ്രചാരണം നടത്തുന്നതും കുറ്റകരം തന്നെയാണ്. എന്നാല്‍ ഇതൊന്നും കേവലം വൈകാരികമായോ വ്യക്തിനിഷ്ഠമായോ തീരുമാനിക്കേണ്ട കാര്യങ്ങളുമല്ല. ഏതെങ്കിലും മത-രാഷ്ട്രീയ വിശ്വാസക്കാരെയെല്ലാം തീവ്രവാദികളെന്നു സംശയിക്കുന്നതും ശരിയല്ല. ബിനായക് സെന്‍ കേസില്‍ സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതുപോലെ ഒരാള്‍ മാവോയിസ്റ് പ്രത്യയശാസ്ത്രത്തിനനുകൂലമായി വായിക്കുന്നതും ചിന്തിക്കുന്നതും ക്രിമിനല്‍ കുറ്റമല്ല, മറിച്ച് ഹിംസയെ ന്യായീകരിക്കുന്നുവെങ്കില്‍ അതു കുറ്റമാണ് എന്നതാണ് സത്യം. ഒരു പ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് വസ്തുനിഷ്ഠമായ തെളിവുകളിലൂടെ സ്ഥാപിക്കപ്പെടണം. ഏതെങ്കിലും വിധത്തില്‍ സംശയമുയര്‍ന്നാല്‍ അതിന്റെ ആനുകൂല്യം പ്രതിക്കാണു കിട്ടുക. കാരണം ഒരിക്കല്‍ ശിക്ഷ നടപ്പാക്കിയാല്‍ അതു തിരുത്താനാവില്ലോ? (തടവില്‍ കിടന്ന കാലവും നഷ്ടപ്പെട്ട ജീവനും തിരിച്ചു നല്‍കാനാകുമോ?)
എന്നാല്‍ നീതിപീഠങ്ങള്‍ പോലും പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദില്ലിയിലെ പാര്‍ലമെന്റാക്രമണക്കേസില്‍ പ്രതിയായിരുന്ന പ്രൊഫസര്‍ ഗിലാനിയുടെ അനുഭവം നമുക്കറിയാം. ആ കേസില്‍ പ്രത്യേക കോടതി ഇദ്ദേഹത്തെ വധശിക്ഷക്കു വിധിച്ചു. എന്നാല്‍ മേല്‍ക്കോടതിയിലെത്തിയപ്പോള്‍ കേസ് തകര്‍ന്നുപോയി. ഗിലാനിയെ ശിക്ഷിക്കുന്നതിനുള്ള പ്രധാനതെളിവായിരുന്നത് അദ്ദേഹം ആക്രമണം നടന്ന ദിവസം കാശ്മീരിലെ സഹോദരനുമായി നടത്തിയ സംഭാഷണമാണ്. കാശ്മീരി ഭാഷയില്‍ നടത്തിയ ആ സംഭാഷണം തര്‍ജമചെയ്തതാരാണെന്ന കോടതിയുടെ ചോദ്യമാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. ദില്ലി തെരുവില്‍ പഴം വില്‍ക്കുന്ന കാശ്മീരി പയ്യനാണെന്ന് പോലീസിന്റെ മറുപടി കോടതിയുടെ പരിഹാസത്തിനു പാത്രമായി. വിവിധ കാശ്മീരി പണ്ഡിതര്‍ ദില്ലി നഗരത്തിലുള്ളപ്പോള്‍ ഇത്രനിര്‍ണായകമായ 'തെളിവ്' പരിശോധിക്കാന്‍ അര്‍ദ്ധജ്ഞാനിയായ പയ്യനെ നിയോഗിച്ചത് തെറ്റാണെന്നു കണ്ട് കോടതി തന്നെ അതു പുനഃപരിശോധിക്കാന്‍ ഒരു വിദഗ്ധനോടാവശ്യപ്പെട്ടു. പോലീസിന്റെ തര്‍ജമ തെറ്റായിരുന്നുവെന്നും ഈ കേസുമായി ഗീലാനിയെ ബന്ധപ്പെടുത്താവുന്ന ഒന്നും അതിലില്ലെന്നും കണ്ടെത്തി. പ്രൊഫസറെ കുറ്റവിമുക്തനാക്കി. എന്നാല്‍ കേസന്വേഷണക്കാലത്ത് ഈ പ്രൊഫസറെപ്പറ്റി മാധ്യമങ്ങളില്‍ വന്ന നിരവധി 'അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍' വീണ്ടും വായിച്ചാല്‍ തമാശതോന്നും. ഇദ്ദേഹത്തിന് തീവ്രവാദികളുമായി ദീര്‍ഘകാല ബന്ധമുണ്ട്. ഇടക്കിടക്ക് പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ പോകാറുണ്ട്, ജോലിസമയത്തിനു ശേഷം യുവാക്കള്‍ക്ക് തീവ്രവാദക്ളാസുകള്‍ നടത്താറുണ്ട്. തുടങ്ങിയ വാര്‍ത്തകള്‍ പോലീസ് ഭാഷ്യങ്ങളെ ആധാരമാക്കി നടത്തിയ റിപ്പോര്‍ട്ടിങ്ങുകളായിരുന്നുവെന്ന് ഒരു പത്രവും തുറന്നു പറഞ്ഞില്ല. പോലീസ് ഭാഷ്യങ്ങളെ ആധാരമാക്കിയെഴുതിയ മാധ്യമ വിശകലനങ്ങളെല്ലാം സത്യമെന്ന രീതിയില്‍ വായിക്കുന്ന സാധാരണമനുഷ്യര്‍ക്ക് പ്രൊഫ. ഗീലാനിയോട് കടുത്ത ശത്രുത തോന്നിയിരിക്കുമെന്നു തീര്‍ച്ച. ഇതുവഴി ഇദ്ദേഹത്തെ പോലീസ് എത്ര പീഡിപ്പിച്ചാലും അതില്‍ തെറ്റില്ലെന്നവര്‍ കരുതും. ഇവിടെ നിയമങ്ങളും ചട്ടങ്ങളും തെളിവുകളും അപ്രസക്തവും വികാരം പ്രസക്തവുമാകുന്നു. കോയമ്പത്തൂര്‍ കേസിലെ പോലെ ഇപ്പോഴും മേല്‍പറഞ്ഞ രീതിയിലുള്ള വൈകാരികത മഅ്ദനിക്ക് പ്രതികൂലമായ ഘടകമാകുന്നു. ബാംഗ്ളൂര്‍ കേസ് മുന്നോട്ടുപോകുന്നതും ഇതേ രീതിയിലാണ്. കേരളത്തിലെ കക്ഷി-മുന്നണി രാഷ്ട്രീയത്തില്‍ പിഡിപിയും മഅ്ദനിയും നടത്തിയ ഇടപെടലുകളും അവര്‍ക്കു ഗുണമല്ല ചെയ്തെന്നാണ് ഈ ലേഖകന്റെ അഭിപ്രായം (നയംതെറ്റാണെന്നു പറയാന്‍ ഞാനാളല്ല. സിപിഎമ്മിനേയും പിണറായി വിജയനേയും അന്ധമായി ആശ്രയിക്കുകവഴി കേരളീയ പൊതുസമൂഹത്തിന്റെ എതിര്‍പ്പ് ശക്തമായി. നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും സിപിഎം കളംമാറ്റിച്ചവിട്ടുകയും ചെയ്തു. അവരുടെ അജണ്ട മാറി. പിഡിപി പുറത്തുമായി).
ഇപ്പറഞ്ഞതൊന്നും ഒരു ക്രമിനല്‍ കേസിന്റെ ഗതിയെ ബാധിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കേവലം നിയമത്തിന്റെ പരിധിക്കകത്തു നിന്നുകൊണ്ടല്ല ഇവിടെയെല്ലാം സംഭവിക്കുന്നത്. അഫ്സല്‍ ഗുരുവിനു പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷ വിധിക്കുന്നത് 'പൊതുജനവികാരം കണക്കിലെടുത്താണ്' എന്നുള്ള കോടതിപരാമര്‍ശത്തെ അരുന്ധതി റോയി വിമര്‍ശിക്കുന്നുണ്ട്. ഇവിടെ മഅ്ദനിക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു മനുഷ്യാവകാശ പ്രസ്ഥാനവുമില്ലാതായി. പിഡിപിയിലെ സംഘടനാ പ്രശ്നങ്ങളും തര്‍ക്കങ്ങളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. കേസിന്റെ സത്യാവസ്ഥ തേടിപ്പോയ ഒരു പത്രലേഖികക്കു നേരിടേണ്ടിവന്ന ദുര്യോഗവും നമ്മുടെ മുന്നിലുണ്ടല്ലോ.
ഇതിന്റെയെല്ലാം ദുരിതം പേറേണ്ടിവരുന്നത് അബ്ദുല്‍ന്നാസര്‍ മഅ്ദനി തന്നെയാണ്. അനാവശ്യമായി ഒമ്പതരവര്‍ഷത്തെ ജയില്‍വാസം മൂലം ഉണ്ടായ രോഗങ്ങള്‍ (പ്രമേഹം, ഹൃദയ സംബന്ധമായ തകരാറുകള്‍, സെര്‍വിക്കല്‍ സ്പോജ്ഞലെറ്റിസ്, നടുവേദന മുതലായവ) മൂലം  ജീവിതം ദുസ്സഹമായ ഇദ്ദേഹത്തിന് മനുഷ്യ സാധ്യമായ ചികിത്സകളെങ്കിലും ലഭ്യമാകേണ്ടതല്ലേ? വികലാംഗനായ ഇദ്ദേഹം കുടകു മലകളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു പോയി തുടങ്ങിയ കുറ്റാരോപണങ്ങള്‍ കോടതി പരിശോധിക്കട്ടെ. ഈ രോഗപ്രസ്ഥനായ മനുഷ്യന് രാത്രിപോലും ഉറങ്ങാന്‍ കഴിയാത്തവിധം ദിവസംമുഴുവന്‍ മുറിയില്‍ ലൈറ്റിട്ട്  പ്രകാശം സൃഷ്ടിക്കുന്നതും ടോയ്ലറ്റിലും മുറിയിലും കാമറകള്‍ വയ്ക്കുന്നതും ശരിയാണോ? ഏകാന്ത തടവിലുള്ള ഒരു വ്യക്തി എന്തുതരം സുരക്ഷിതത്വ ലംഘനം നടത്താനാണ്? (സുരക്ഷിതത്വ നിയമം പാലിക്കാനാണത്രേ കേമറകളും ലൈറ്റും). സുപ്രീംകോടതിയുടെ കാരുണ്യം കൊണ്ടുകിട്ടിയ നാലാഴ്ചത്തെ ആയുര്‍വ്വേദ ചികിത്സമാത്രമായിരുന്നു ഒരാശ്വാസം. ജാമ്യഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നതുമാത്രമാണ് മഅ്ദനിയുടെ ഏകപ്രതീക്ഷ.
പ്രത്യേക കോടതിയിലാണ് കേസ് വിചാരണ നടക്കുന്നതെങ്കിലും ഇഴഞ്ഞിഴഞ്ഞാണ് മുന്നോട്ടു പോകുന്നത്. ഇതിന് ചില സങ്കീര്‍ണതകള്‍ കാരണമാകുന്നു. രണ്ടു കൂട്ടുപ്രതികള്‍ തടിയന്റവിട നസീറും ഷഫാസും കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. പ്രധാനപ്രതിയായ വ്യക്തി ഇപ്പോഴും ഗുജറാത്തിലാണ്. കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കല്‍, സാക്ഷി വിസ്താരം, ക്രോസ് വിസ്താരം, തെളിവുകളുടെ പരിശോധന, അന്തിമവാദം മുതലായവ നിരവധി ഘട്ടങ്ങള്‍ ഇനിയും മന്നിലുണ്ട്. നീതിന്യായ സംവിധാനത്തിലെ ഈ സങ്കീര്‍ണതകളുടെ ദുരിതം ഒരു പ്രതി അനുഭവിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേക കോടതി ജയിലിനകത്തായതിനാല്‍ പ്രതിഭാഗം വാദിക്കാന്‍ പ്രഗല്‍ഭ അഭിഭാഷകരെ കിട്ടാനും ബുദ്ധിമുട്ടുണ്ട്. ഒരുകാര്യം ആവര്‍ത്തിക്കട്ടെ; മഅ്ദനിയെന്നല്ല, ആരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണം. എന്നാല്‍ മുന്‍വിരോധങ്ങളോ മുന്‍ധാരണകളോ മൂലം ഒരാളും പീഡിപ്പിക്കപ്പെടാന്‍ പാടില്ല.

No comments:

Post a Comment