*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Friday, December 9, 2011

ലോകവാഴികളുടെ നട്ടെല്ല് ഇളകുന്നു -- രാജീവ് ശങ്കരന്‍ (രിസാലയില്‍ നിന്ന് )

1949 മുതല്‍ 1997 വരെ അമേരിക്കയില്‍ നിന്ന് ഇസ്റാഈലിലേക്ക് ഒഴുകിയത് 1.34 ലക്ഷം കോടി ഡോളറാണ്. അതായത് ഒരു ഇസ്റാഈല്‍ പൌരന് വേണ്ടി അമേരിക്കയിലെ നികുതി ദായകര്‍ ചെലവിട്ടത് 23,240 ഡോളര്‍. 1997 മുതലിങ്ങോട്ടുള്ള 14 വര്‍ഷത്തിനിടെ വായ്പയായും തിരിച്ചടവ് വേണ്ടാത്ത ധനസഹായമായും പ്രതിരോധ മേഖലയിലെ സംയുക്ത ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായും ഒഴുകിയ സഹസ്ര കോടി ഡോളറുകള്‍ പുറമെയുണ്ട്. അടുത്ത വര്‍ഷം സൈനിക സഹായമായി നല്‍കുന്നത് 300 കോടി ഡോളര്‍.  2013 മുതല്‍ 18 വരെ ഓരോ വര്‍ഷവും 315 കോടി വീതം നല്‍കുന്നതിനും കരാറുണ്ട്. വായ്പകളുടെ തിരിച്ചടവില്‍ ഇസ്റാഈല്‍ ഒരിക്കല്‍ പോലും വീഴ്ച വരുത്തയിട്ടില്ല. കാരണം തിരിച്ചടവ് തുടങ്ങിയിട്ടേ ഇല്ല എന്നത് തന്നെ.
1967ലെ അധിനിവേശത്തിന് ഒരുക്കുകയായിരുന്നു അതുവരെയുള്ള സഹായത്തിന്റെ ലക്ഷ്യം. കടന്നുകയറിയ ഭൂമി നിലനിര്‍ത്താന്‍ വേണ്ടി  പിന്നെയുള്ള സഹായങ്ങള്‍. ഒരു ദശകത്തിനിടെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആക്രമണത്തിന് നേതൃത്വം നല്‍കി. യമന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകര വിരുദ്ധമെന്ന പേരിലുള്ള ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു, പണം കൊണ്ട് സഹായിച്ചു. പാക്കിസ്ഥാനില്‍ അപ്രഖ്യാപിത ആക്രമണം നടത്തി. ഇറാഖില്‍ എണ്ണയായിരുന്നു ലക്ഷ്യമെങ്കില്‍ അഫ്ഗാനില്‍ ധാതുസമ്പത്തായിരുന്നു ഉന്നം. നേരിട്ടും അല്ലാതെയും ചോരപ്പുഴകള്‍ ഒഴുക്കി, സമ്പത്തും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടൊടുവില്‍ ഇപ്പോള്‍ അമേരിക്ക എത്തി നില്‍ക്കുന്ന സ്ഥാനം ഒരു പാപ്പരുടേതാണ്. ആസ്തിയേക്കാളധികം ബാധ്യതകളുള്ള, ഭാവിയില്‍ കടം വീട്ടാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത പാപ്പര്‍. ഒരാള്‍  കടക്കെണിയില്‍ അകപ്പെട്ടാല്‍ ലോകത്തെല്ലായിടത്തും പൊതുവായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇയാളുടെ ആസ്തിയുടെ മൂല്യം ഇടിയും. കടക്കാരന്‍ അത്യാവശ്യക്കാരനാണ് എന്നതിനാല്‍ വാങ്ങാനെത്തുന്നയാള്‍ മൂല്യം കുറക്കും. ഇയാളുടെ കടക്കാരനായുള്ളവര്‍ തിരികെ കൊടുക്കാന്‍ മടിക്കും. കിട്ടാനുള്ള കടം പിരിച്ചെടുക്കുന്നതിന് നിയമപരമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷി ഇയാള്‍ക്ക് ഉണ്ടാകുകയുമില്ല.  അമേരിക്ക മാത്രമല്ല ആക്രമണ മുഖങ്ങളില്‍ ഒപ്പം നിന്ന/നില്‍ക്കുന്ന ഇതര യൂറോപ്യന്‍ രാജ്യങ്ങളും ഇതേ അവസ്ഥയിലാണിന്ന്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത കയം. ഒരുപക്ഷേ, കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മുങ്ങാന്‍ സാധ്യതയുള്ള കയം.
കടവും ഊഹക്കച്ചടവും2001ല്‍ മിച്ചമായിരുന്ന അമേരിക്കന്‍ ബജറ്റിനെ കമ്മിയിലേക്കും പിന്നെ റെക്കോഡ് കമ്മിയിലേക്കും നയിച്ചത് അഫ്ഗാന്‍, ഇറാഖ് ആക്രമണങ്ങള്‍ക്ക് വേണ്ടിവന്ന ചെലവാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജോര്‍ജ് ബുഷ് അധികാരമൊഴിഞ്ഞ 2008ല്‍ 45,000ത്തിലേറെ കോടി ഡോളറായിരുന്നു കമ്മി. ഇപ്പോള്‍ തുടരുന്ന മാന്ദ്യത്തിന് തുടക്കമായത് ആ വര്‍ഷമായിരുന്നു. പൌരന്‍മാര്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചും പാപ്പരായ ബേങ്കുകള്‍ക്കും വ്യവസായ ശാലകള്‍ക്കും വാരിക്കോരി പണം നല്‍കിയും വിപണിയില്‍ പണമെത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു അന്ന്. ഇതോടെ കമ്മി കുതിച്ചുയര്‍ന്നു. ബരാക് ഒബാമ അധികാരമേറ്റ 2009ല്‍ കമ്മി 1.41 ലക്ഷം കോടിയായി ഉയര്‍ന്നു. പിന്നീടിങ്ങോട്ട് ലക്ഷം കോടിയില്‍ കുറഞ്ഞിട്ടില്ല കമ്മി. ആക്രമണങ്ങളുടെ പ്രതിഫലമായി ഉയര്‍ന്ന ഈ കമ്മിക്കൊപ്പം കാലങ്ങളായി തുടര്‍ന്നിരുന്ന വിപണി അധിഷ്ഠിതമായ സാമ്പത്തിക നയം സൃഷ്ടിച്ച കെണി കൂടി ചേര്‍ന്നപ്പോഴാണ് പാപ്പരെന്ന സ്ഥാനത്തേക്ക് അമേരിക്ക എത്തിപ്പെടുന്നത്.
വ്യവസായം, വാണിജ്യം, കൃഷി, സേവനം തുടങ്ങി സര്‍വ ഉത്പാദന മേഖലകളിലെയും ആകെ വരുമാനം കണക്കാക്കിയാണ് ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ഗ്രോസ് ഡൊമസ്റിക് പ്രൊഡക്ട് - ജി ഡി പി) കണക്കാക്കുന്നത്. പരമ്പരാഗതമോ നവീനമോ ആയ ഉത്പാദന മേഖലകള്‍ക്ക് പുറത്ത് ധനകാര്യ ഉത്പന്നങ്ങളുടെ വിപണന ശൃംഖല സൃഷ്ടിക്കുകയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ ചെയ്തത്.  അത് സാധ്യമാകും വിധത്തില്‍ സാമ്പത്തിക മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ജനങ്ങളുടെ കൈയില്‍ പണമുണ്ടാകുകയും അത് ചെലവഴിക്കപ്പെടുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ധനകാര്യ പ്രവൃത്തി എന്ന നില സൃഷ്ടിച്ചു. ഇങ്ങനെ ചെലവഴിക്കപ്പെടുന്ന പണം ഏതാനും കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ആ കമ്പനികള്‍ക്ക് ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരങ്ങളുണ്ടാക്കി. ഊതിപ്പെരുപ്പിച്ച കണക്കുകളുടെയും സമാന്യ ബുദ്ധിക്ക് ദഹിക്കാത്ത സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തില്‍ ഊഹ വിപണികള്‍ സൃഷ്ടിച്ചു. ഓഹരി, അവധി എന്ന് തുടങ്ങി പലത്. ഇത്തരം വിപണികള്‍ക്ക് പരമാവധി സ്വാതന്ത്യ്രം അനുവദിച്ചു. വാണിജ്യ, വ്യവസായ മേഖലകളില്‍ അതിരുകള്‍ അപ്രസക്തമാണെന്നും അവ അപ്രസക്തമാക്കിയാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നും വാദിച്ച് വിജയം കണ്ടു. അങ്ങനെ ധനകാര്യ ഉത്പന്ന ശൃംഖലകള്‍ എല്ലായിടത്തേക്കും പടര്‍ത്തി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്തു നിന്ന് കമ്മ്യൂണിസ്റ് രാജ്യങ്ങള്‍ക്ക് വരെ ഈ ശൃംഖലയില്‍ കണ്ണികളാകേണ്ടിവന്നു. പൌര സ്വാതന്ത്യ്രം, മനുഷ്യാവകാശം, ലിംഗ സമത്വം എന്ന് തുടങ്ങിയ ആശയങ്ങളൊക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഏകാധിപത്യ ഭരണകൂടങ്ങളെന്ന ആരോപണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. വഴങ്ങാതെ നിന്ന സ്ഥലങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഇളക്കിവിടാന്‍ യത്നിച്ചു. ചില നേതാക്കളെ വധിക്കുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ ശൃംഖലയുടെ കടക്കല്‍ കത്തിവീണുവെന്ന് തിരിച്ചറിയുന്നത് 2007 ഡിസംബറിലാണ്.
ശൃംഖലയുടെ ആദ്യത്തെ കണ്ണി വായ്പയെടുക്കുന്നവനാണ്. പല വായ്പക്കാരുണ്ടായപ്പോള്‍ ആ വായ്പകളെല്ലാം ചേര്‍ത്ത് മറ്റൊരു ധനകാര്യ ഉത്പന്നമാക്കി തൊട്ടു മുകളിലുള്ള ധനകാര്യ സ്ഥാപനത്തിന് വില്‍ക്കാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കി. രണ്ടാം ഘട്ട ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ അവ ചേര്‍ത്ത് പുതിയ ഉത്പന്നമുണ്ടാക്കി വീണ്ടും വില്‍ക്കാന്‍ അനുവദിച്ചു. അങ്ങനെ കടത്തിന്റെ ശ്രേണി സൃഷ്ടിച്ച് അത് വിറ്റും വാങ്ങിയും പണം സമാഹരിച്ചു. ഈ വിപണനത്തില്‍ തടസ്സങ്ങളുണ്ടായത് ശൃംഖലയില്‍ പ്രഥമ സ്ഥാനത്തുള്ള വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയപ്പോഴാണ്. പരമ്പരാഗത ഉത്പാദന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതാണ് വായ്പയെടുത്തവന്റെ പോക്കറ്റ് കാലിയാക്കിയത്. കൂടുതല്‍ പേര്‍ തിരിച്ചടവ് മുടക്കിയതോടെയാണ് 2008ല്‍ മാന്ദ്യമായി പുറത്തേക്ക് എത്തിയ ഭവന വായ്പാ പ്രതിസന്ധി ഉടലെടുത്തത്. അതിന്റെ ആഘാതം ലീമാന്‍ ബ്രദേഴ്സ് ബേങ്കിന്റെ തകര്‍ച്ചയായി ലോകം അറിഞ്ഞത്. ഭവന വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ ആരംഭിച്ച പ്രതിസന്ധി ഇതര നിര്‍മാണ മേഖലകളിലേക്ക് വൈകാതെ വ്യാപിച്ചു. നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങിയതോടെ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. അങ്ങനെ ആണവ റിയാക്ടറിലെ അണു വിഭജനം പോലൊരു തുടര്‍ പ്രക്രിയയായി മാറി. പ്രസിദ്ധ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന് പാപ്പരാണെന്ന് സ്വയം സമ്മതിക്കേണ്ടിവന്നതൊക്കെ ഈ ചെയിന്‍ റിയാക്ഷന്റെ ഫലമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കിയും വിവിധ സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഓഹരികള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നും ദേശസാത്കരണത്തിന്റെ മാതൃകയിലാണ് പ്രതിസന്ധിയെ ബരാക് ഒബാമ ഭരണകൂടം നേരിട്ടത്. ഒപ്പം ജനങ്ങളുടെ കൈവശം പണമുണ്ടെന്ന് ഉറപ്പാക്കാന്‍ നികുതികള്‍ വെട്ടിക്കുറച്ചു. ഇത്തരം നടപടികളുടെ തുടര്‍ച്ചയായി മാന്ദ്യം അവസാനിച്ചുവെന്ന് 2009ല്‍ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇത് പുറം പൂച്ച് മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മാന്ദ്യം അവസാനിച്ചതിന് ശേഷവും അമേരിക്കയില്‍ ബേങ്കുകള്‍ പൂട്ടിക്കൊണ്ടിരുന്നു. വായ്പാ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്തിരുന്നു. ഇത് മറച്ചുവെച്ച് അന്താരാഷ്ട്ര രംഗത്തുള്ള സ്വാധീനം നിലനിര്‍ത്താനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. മേനി നഷ്ടപ്പെടാതിരിക്കാനായി വീണ്ടും വീണ്ടും കടമെടുത്തു. കടത്തിന്റെ പരിധി പലകുറി ഉയര്‍ത്താന്‍ യു എസ് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. ആസ്തിക്ക് ആനുപാതികമായല്ലാതെ കടം സ്വീകരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലെത്തി. 2008ല്‍ നികുതികള്‍ ഇളവ് ചെയ്ത് നല്‍കിയാണ് പ്രതിസന്ധി നേരിടാന്‍ ശ്രമിച്ചത് എങ്കില്‍ ഇപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനായി നികുതികള്‍ വര്‍ധിപ്പിക്കണമെന്നാണ് ഒബാമ ഭരണകൂടം പറയുന്നത്. 2008ല്‍ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളുമാണ് പ്രതിസന്ധി നേരിട്ടിരുന്നത്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ കടവും ആനുകൂല്യങ്ങളും നല്‍കി. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറും രാജ്യവും തന്നെയാണ് കടക്കെണിയില്‍പ്പെട്ടിരിക്കുന്നത്. അത് പരിഹരിക്കണമെങ്കില്‍ രാജ്യത്തിന്റെ ഖജനാവില്‍ നീക്കിയിരുപ്പ് വേണം. ആ നീക്കിയിരുപ്പ് ഉണ്ടാക്കുന്നതിനാണ് നികുതി കൂട്ടണമെന്ന് പറയുന്നത്.
കടപ്പത്രങ്ങള്‍
കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങള്‍ വരെ പൊതു വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനായി പുറപ്പെടുവിക്കുന്നതാണ് കടപ്പത്രങ്ങള്‍. അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രങ്ങളുണ്ട്. 25 വര്‍ഷം വരെ കാലാവധിയുള്ളവയുമുണ്ട്. പത്ത് രൂപ മൂല്യമുള്ള അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രമാണ് വാങ്ങുന്നത് എന്ന് സങ്കല്‍പ്പിക്കുക. അഞ്ച് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഇത്  തിരികെ വാങ്ങും. പത്ത് രൂപയുടെ കടപ്പത്രം അഞ്ച് വര്‍ഷത്തിന് ശേഷം പന്ത്രണ്ടര രൂപക്ക് തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് തീരുമാനിക്കാം. ഇക്കാര്യം കടപ്പത്രം പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചിരിക്കും. നേരത്തെ പറഞ്ഞ ധനകാര്യ ഉത്പന്ന ശൃംഖലയില്‍പ്പെടുന്നതാണ് ഇതും. ഖജനാവില്‍ പണം തികയാതെ വന്നതോടെ അമേരിക്ക കടപ്പത്രങ്ങളിലൂടെ ധനസമാഹരണം നടത്തി. രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും മാത്രമല്ല വിദേശ രാജ്യങ്ങളും അമേരിക്കയുടെ കടപ്പത്രങ്ങള്‍ വാങ്ങി. വലിയ സാമ്പത്തിക ശക്തി എന്ന നിലക്ക് ഈ കടപ്പത്രങ്ങള്‍ക്ക് വലിയ വിശ്വാസ്യതയുണ്ടായിരുന്നു. നിശ്ചിത കാലത്തിന് ശേഷം നിശ്ചിത തുക ഇനാമായി നല്‍കി കടപ്പത്രം തിരിച്ചെടുക്കുക എന്ന സമ്പ്രാദയത്തിനൊപ്പം ഓഹരി വിപണികള്‍ക്ക് സമാനമായ കടപ്പത്ര വിപണി അമേരിക്ക ഇതിനിടെ സൃഷ്ടിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക്, ബജറ്റ് കമ്മി, കൂടുതല്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന കമ്പനികള്‍ നേടുന്ന ലാഭം എന്ന് തുടങ്ങി വിവിധങ്ങളായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കടപ്പത്രങ്ങളുടെ വില ഉയരുകയും താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. കടപ്പത്രങ്ങളുടെ മൂല്യം കൂടുമ്പോള്‍ അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തായി വ്യാഖ്യാനിക്കപ്പെട്ടു.
ബജറ്റ് കമ്മിയും പൊതു കടവും ഉയരുകയും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇടിയുകയും ചെയ്തതോടെ കാര്യങ്ങള്‍ ഇവിടെയും അപകടത്തിലായി. അതിന്റെ ബാക്കിയായാണ് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്. അമേരിക്കക്ക് ഇനിയും കടം നല്‍കുന്നവര്‍ കുറച്ചുകൂടെ കരുതലെടുക്കണമെന്നാണ് ഇതിലൂടെ സൂചിപ്പിച്ചത്. കൃത്യ സമയത്ത് വായ്പാ തിരിച്ചടവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന സ്ഥിതി ഖജനാവിനില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഇനിയും വിശ്വസിക്കാവുന്ന രാജ്യമല്ല അമേരിക്ക എന്ന് അര്‍ഥം. സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന വായ്പകളെ മാത്രമല്ല, ഇതര ഏജന്‍സികള്‍ വഴി വാങ്ങുന്ന വായ്പകളെയും ഇത് ബാധിക്കും. ഇതര ഏജന്‍സികള്‍ വായ്പ വാങ്ങുമ്പോള്‍ ഗ്യാരണ്ടി സര്‍ക്കാറാണ്. സ്വയം പാപ്പരായി നില്‍ക്കുന്നയാളിന്റെ ഗ്യാരണ്ടി ആരും സ്വീകരിക്കില്ലല്ലോ.
പൊള്ളയായ അവകാശവാദങ്ങള്‍
അമേരിക്ക സമ്പദ് ശക്തിയായി തുടരുമെന്നും പരിധി ഇനിയും ഉയര്‍ത്തി കടമെടുക്കല്‍ തുടരുമെന്നും പ്രസിഡന്റ് ബരാക് ഒബാമയും മറ്റും അവകാശപ്പെടുന്നുണ്ട്. ബജറ്റ് കമ്മിയും പൊതു കടവും കുറക്കാനും നടപടി സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല. ചെലവ് ചുരുക്കുകയും നികുതി വരുമാനം കൂട്ടുകയുമാണ് സര്‍ക്കാറിന് മുന്നിലുള്ള വഴി. ഇത് രണ്ടും എളുപ്പമല്ല.  ചെലവ് ചുരുക്കല്‍ ജനങ്ങളെ നേരിട്ട്  ബാധിക്കും. അതുണ്ടാക്കുന്ന അതൃപ്തി രാഷ്ട്രീയ, ഭരണ നേതൃത്വം അനുഭവിക്കേണ്ടിയും വരും. നികുതി കൂട്ടുമ്പോഴും ഇത് തന്നെയാകും സംഭവിക്കുക. രണ്ട് നടപടികളും നിലവില്‍ തന്നെ താഴ്ന്നനിലയിലുള്ള വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചെലവ് ചുരുക്കിയാല്‍ ജനങ്ങളുടെ കൈകളിലെത്തുന്ന പണം കുറയും. ഉപഭോക്താക്കള്‍ കമ്പോളത്തില്‍ പണം ചെലവഴിക്കുന്നത് കുരയും. അമേരിക്കന്‍ സാമ്പത്തിക ഇടപാടുകളുടെ 70 ശതമാനവും ഉപഭോക്താക്കള്‍ കമ്പോളത്തില്‍ നടത്തുന്ന ചെലവാണെന്നിരിക്കെ, ചെലവ് ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ കുത്തനെ ഇടിക്കുമെന്ന് ഉറപ്പ്. നികുതികള്‍ വര്‍ധിപ്പിച്ചാല്‍ ഉത്പാദനവും ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയും ഒരു പോലെ കുറയും. അപ്പോഴും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയും. അതായത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക പ്രയാസം.
ഇപ്പോഴത്തെ പൊതുകടം രാജ്യത്തിന്റെ ഒരു വര്‍ഷത്തെ ആകെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനപ്പുറത്ത് ആഭ്യന്തര ഉത്പാദനത്തിന്റെ 81 ശതമാനം വരെയാകും കടമെന്ന് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നു. പത്ത് വര്‍ഷത്തിനപ്പുറത്ത് ഇത് 93 ശതമാനം വരെയായി ഉയരാം. അതായത് വരുന്ന പത്ത് വര്‍ഷത്തേക്ക് അമേരിക്കയുടെ കടം കുറയുമെന്ന പ്രതീക്ഷയില്ല.  കടം പെരുകിയാല്‍, അത് തിരിച്ചടക്കാനുള്ള ശേഷി കുറയുന്നുവെന്ന് വന്നാല്‍ വ്യക്തികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് പോലെ ആസ്തികളുടെ മൂല്യം കുറയും. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ആസ്തി ഡോളറാണ്. അതിനെ ആഗോള വിനിമയത്തിന്റെ അടിസ്ഥാനമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ്. എല്ലാ രാജ്യങ്ങളും അവരുടെ കരുതല്‍ ശേഖരം ഡോളറില്‍ സൂക്ഷിക്കുന്നുവെന്നതാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ ഇത്തരം സ്ഥാനങ്ങളില്‍ നിന്നെല്ലാം അത് പിഴുതെറിയപ്പെടും. ക്രഡിറ്റ് റേറ്റിംഗ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിറകെ കരുതല്‍ ശേഖരം ഡോളറില്‍ നിന്ന് മാറ്റണമെന്ന് ചൈന ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. കരുതല്‍ ശേഖരം മറ്റൊരു കറന്‍സിയിലേക്ക് മാറുകയാണെങ്കില്‍ ആഗോള വിനിമയത്തിന്റെ അടിസ്ഥാനം ഈ കറന്‍സിയായി മാറും. ഈ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് പണം നല്‍കാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും. 10 ഡോളറിന് പുറപ്പെടുവിച്ച കടപ്പത്രം പത്ത് വര്‍ഷം കഴിഞ്ഞ് 15 ഡോളര്‍ നല്‍കി തിരികെ വാങ്ങാന്‍ ഇപ്പോള്‍ സാധിക്കുമെന്ന് കരുതുക. കരുതല്‍ കറന്‍സി മാറിയാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് അമേരിക്ക കടപ്പത്രം തിരികെ വാങ്ങുമ്പോള്‍ പുതിയ കരുതല്‍ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് കൂടുതല്‍ ഡോളര്‍ നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാകുമെന്ന് അര്‍ഥം.
സമാനമായ സാഹചര്യം തന്നെയാണ് ഇറ്റലി, സ്പെയിന്‍, ഗ്രീസ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ നേരിടുന്നത്. ബ്രിട്ടന്‍ ഇത്രയും അപകടത്തിലല്ലെങ്കിലും അവിടെയും സാമ്പത്തിക ഞെരുക്കം ശക്തമാണ്. യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനി മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, ഒരൊറ്റ തൊഴുത്തായതിനാല്‍ അണുബാധ ജര്‍മനിയെ ബാധിക്കാന്‍ താമസമുണ്ടാകില്ല. കൊന്നും വെന്നും പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും സമ്പത്തും അധികാരവും കൈക്കലാക്കാന്‍ തിരക്ക് കൂട്ടിയിരുന്നവര്‍ സ്വന്തം മടിശ്ശീല കീറിപ്പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവഗണിച്ചു. പാപ്പരായെന്ന് തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന മിഥ്യാഭിമാനമാണ് ഇപ്പോള്‍ കാണുന്നത്. അത് അധികകാലം നിലനിര്‍ത്താനാകുകയുമില്ല.

No comments:

Post a Comment